കോഴിക്കോട്: വടകര ആയിഞ്ചേരിയിൽ നിന്ന് എട്ട് ദിവസം മുൻപ് കാണാതായ 25-കാരൻ വിഷ്ണുവിനെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെത്തുടർന്നാണ് താൻ നാടുവിട്ടതെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി.(Left the place due to threats from loan apps and blade mafia, Vishnu’s statement)
ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സഹോദരനെ ഫോണിൽ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താൻ സഹായിച്ചത്. തുടർന്ന് പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെ കണ്ടെത്തുകയും വടകര പോലീസിന് കൈമാറുകയും ചെയ്തു.
പതിനായിരം രൂപ മാത്രമാണ് ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് കാണിച്ച് സംഘം ഭീഷണിപ്പെടുത്തി. ഇതിന് പുറമെ ബ്ലേഡ് സംഘത്തിന്റെ ഭീഷണിയും ഉണ്ടായിരുന്നു. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളിൽ താമസിച്ചത്. ഉഡുപ്പിയിൽ വെച്ച് മൊബൈൽ ഫോൺ മോഷണം പോയി. കയ്യിൽ പണമില്ലാത്തതിനാൽ വഴിയിൽ കണ്ട മലയാളികളാണ് ഭക്ഷണവും വെള്ളവും നൽകി സഹായിച്ചതെന്നും വിഷ്ണു പറഞ്ഞു.

