കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ കേരളം വിട്ടതായി പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രപ്രദേശിലുണ്ടെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാരും സംസ്ഥാനത്തിന് പുറത്താണെന്ന് ആണ് വിവരം.(Nitin Raj’s death, Dr. MK Ram is said to be in Andhra Pradesh)
ഈ മാസം 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇതിനെത്തുടർന്ന് 12-ാം തീയതിയാണ് അധ്യാപകർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. സസ്പെൻഷനിലായിരുന്ന ഡോ. റാമിനെ കഴിഞ്ഞ 16-ന് കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ആന്ധ്ര സ്വദേശിയായ ഇയാൾ അവിടേക്ക് തന്നെ കടന്നതായാണ് നിഗമനം.
നിതിൻ മരിച്ച് പത്ത് ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിതിന്റെ മരണം വെറും ലോൺ ആപ്പ് ഭീഷണി മൂലമാണെന്ന് വരുത്തിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. അധ്യാപകരുടെ പങ്ക് മറച്ചുവെക്കാനാണ് നീക്കമെന്നും അവർ കുറ്റപ്പെടുത്തി. ഇതിനിടെ, ഡോ. റാമും ഡോ. സംഗീതയും കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹർജി ഈ മാസം 22-ന് കോടതി പരിഗണിക്കും.
നിതിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ലോൺ ആപ്പ് ജീവനക്കാരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഭീഷണിക്ക് പിന്നിലെ മറ്റ് കണ്ണികളെക്കൂടി കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

