തിരുവനന്തപുരം: കന്യാകുമാരി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് പുറംകടലിൽ തടഞ്ഞുവെച്ചിരിക്കുന്ന എംവി സോളിസ് കപ്പലിൽ അടിയന്തരമായി ഇന്ധനം നിറച്ചു. കപ്പലിലെ ഇന്ധനം തീരാറായെന്ന് കാണിച്ച് ക്യാപ്റ്റൻ ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന് സന്ദേശം അയച്ചതിനെത്തുടർന്നാണ് നടപടി.(MV Solis ship urgently refueled in Vizhinjam)
മാരിടൈം ബോർഡും വിഴിഞ്ഞം തുറമുഖ അധികൃതരും ഇടപെട്ടാണ് കപ്പലിന് ആവശ്യമായ ഇന്ധനം എത്തിച്ചുനൽകിയത്. പ്രാഥമികമായി 1000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കപ്പലിൽ നിറച്ചത്. കപ്പലിലെ വൈദ്യുതി ബന്ധം നിലയ്ക്കുന്നതും മറ്റ് സാങ്കേതിക തകരാറുകൾ സംഭവിക്കുന്നതും ഒഴിവാക്കാനാണ് ഇന്ധനം എത്തിച്ചത്.
മാർച്ച് ഒമ്പതിനാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിച്ചത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെ വിഴിഞ്ഞം തുറമുഖം വിട്ടുപോകരുതെന്ന് കപ്പലിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

