കൊൽക്കത്ത: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് കൃത്യമായ കണക്കുകൾ നിരത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മറുപടി നൽകി (Mamata Banerjee on Women’s Reservation Bill). തൃണമൂൽ കോൺഗ്രസ് വനിതാ സംവരണത്തിന് എതിരാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്നും ബിജെപി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
വനിതാ സംവരണത്തിന് മറ്റ് പാർട്ടികൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. നിലവിൽ ടിഎംസിയുടെ ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും രാജ്യസഭാ അംഗങ്ങളിൽ 46 ശതമാനവും വനിതകളാണെന്ന് മമത ചൂണ്ടിക്കാട്ടി. 2023-ൽ തന്നെ പാർലമെന്റ് പാസാക്കിയ ബിൽ എന്തുകൊണ്ടാണ് മൂന്ന് വർഷമായിട്ടും നടപ്പിലാക്കാത്തതെന്ന് മമത ചോദിച്ചു. 2034 വരെ സംവരണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം സ്ത്രീകളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നത്. ഇത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും പ്രതിപക്ഷ പാർട്ടികളുടെയും സംസ്ഥാനങ്ങളുടെയും അധികാരം കവർന്നെടുക്കാനുമുള്ള തന്ത്രമാണെന്നും അവർ ആരോപിച്ചു. ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്താനുള്ള സർക്കാർ നീക്കം കഴിഞ്ഞ ദിവസം (ഏപ്രിൽ 17) പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റം മുറുകിയത്. ബിജെപിയുടെ വീഴ്ച തുടങ്ങിയെന്നും സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സർക്കാർ നിലനിൽക്കുന്നതെന്നും മമത ഹൗറയിലെ ഉലുബേരിയയിൽ നടന്ന റാലിയിൽ പരിഹസിച്ചു.
Summary: West Bengal CM Mamata Banerjee hit back at PM Narendra Modi’s criticism over the Women’s Reservation Bill, providing statistics on female representation in her party. She noted that TMC already has 37.9% women in the Lok Sabha and 46% in the Rajya Sabha. Mamata accused the BJP of misleading the public by linking the 2023 Bill to a complex delimitation process, which could delay its implementation until 2034. Her response comes after the government’s recent attempt to increase Lok Sabha seats to 816 failed to pass in Parliament on April 17, 2026.

