ബെംഗളൂരു: കർണാടകയിൽ കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.(Karnataka on bird flu scare, 7,500 chickens culled)
ഫാമിലെ പത്ത് ജീവനക്കാരെ മുൻകരുതൽ നടപടിയായി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഏപ്രിൽ 14-ന് ഫാമിൽ നടത്തിയ പതിവ് പരിശോധനയിലാണ് കോഴികളിൽ അണുബാധ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ഹെസരഘട്ടയ്ക്ക് സമീപമുള്ള 36 ഗ്രാമങ്ങളും 54 ചിക്കൻ ഔട്ട്‌ലെറ്റുകളും നിരീക്ഷണ പരിധിയിൽ കൊണ്ടുവന്നു. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഫാമിൽ നിന്ന് ബെംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കോഴികളെ വിതരണം ചെയ്തിട്ടുള്ളതായി വിവരമുണ്ട്.

