ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു. ഏപ്രിൽ 14-ന് നടന്ന സംഭവത്തെത്തുടർന്ന് പൈലറ്റിനെതിരെ നടപടി എടുക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.(Air India pilot with cannabis deported from US by authorities )
മറ്റൊരു വിമാനം നിയന്ത്രിക്കുന്നതിനായുള്ള ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് പൈലറ്റ് സാൻഫ്രാൻസിസ്കോയിലേക്ക് പോയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനാൽ അദ്ദേഹത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കമ്പനി നയങ്ങൾക്കനുസൃതമായി കർശനമായ അച്ചടക്ക നടപടികൾ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും, എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
പൈലറ്റ് ‘ഡെഡ്‌ഹെഡിംഗ്’ രീതിയിലാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. വിമാന ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രക്കാരായി സഞ്ചരിക്കുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ വെച്ച് നടന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ പക്കൽ മരിജുവാന കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങൾക്കുള്ളതെന്നും സുരക്ഷയും കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും പാലിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ അറിയിച്ചു.

