ആലപ്പുഴ: വിഷു പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യ പോസ്റ്ററാണ് ഇപ്പോൾ വിവാദങ്ങൾക്കും നിയമനടപടികൾക്കും കാരണമായിരിക്കുന്നത് (Cherthala Mandi Advertisement Case). ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത്. അതേസമയം , കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം സൃഷ്ടിച്ചു എന്നതാണ് പോലീസ് ഹോട്ടൽ ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പോസ്റ്റർ നിർമ്മിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ ചേർത്തല പോലീസ് നടപടിയെടുക്കുകയും റെസ്റ്റോറന്റ് ഉടമ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിഷു ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ ഈ പോസ്റ്റർ മതവിശ്വാസികളെ ആക്ഷേപിക്കുന്നതാണെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
Story Summary: The owner of Meher Mandi in Cherthala, Alappuzha, was arrested for a controversial Vishu advertisement featuring Lord Krishna with a Kuzhimandi pot. Police filed a case for intentional provocation aimed at creating public unrest.

