കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിജെപിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമതാ ബാനർജി. ദിൻഹതയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെയാണ് ബിജെപിയുടെ രഹസ്യപദ്ധതികളെക്കുറിച്ച് മമത മുന്നറിയിപ്പ് നൽകിയത്.(BJP plan is to bring NIA, detonate bomb, blame someone, says Mamata Banerjee, political battle intensifies in West Bengal)
സംസ്ഥാനത്ത് എവിടെയെങ്കിലും സ്ഫോടനങ്ങൾ നടത്തി അതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും മേൽ കെട്ടിവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതുവഴി എൻഐഎ അന്വേഷണം കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. പുറത്തുനിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടാക്കി പ്രദേശത്തെ യുവാക്കളെ അറസ്റ്റ് ചെയ്യിപ്പിക്കാൻ നീക്കമുണ്ട്. വോട്ടെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനങ്ങളിൽ വീഴരുതെന്നും രാത്രികാലങ്ങളിൽ പോലും ജാഗ്രത പാലിക്കണമെന്നും മമത അണികളോട് അഭ്യർത്ഥിച്ചു.
ബംഗാളിന്റെ സംസ്കാരത്തെയും ഭക്ഷണരീതിയെയും വൈവിധ്യത്തെയും ഇല്ലാതാക്കി ഡൽഹിയിൽ നിന്നും ഗുജറാത്തിൽ നിന്നും ബംഗാളിനെ നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ബംഗാൾ ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് മമത വ്യക്തമാക്കി. അതേസമയം, പശ്ചിമ ബർദ്വമാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ 15 വർഷമായി ബംഗാളിനെ ഭീകരതയുടെയും മാഫിയാ ഭരണത്തിന്റെയും അഴിമതിയുടെയും കേന്ദ്രമാക്കി മാറ്റിയത് തൃണമൂൽ കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുവാക്കളിലും സ്ത്രീകൾക്കിടയിലും തൃണമൂൽ സർക്കാർ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാഫിയാ പ്രവണത അവസാനിപ്പിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം: ഏപ്രിൽ 23, രണ്ടാം ഘട്ടം: ഏപ്രിൽ 29 എന്നിങ്ങനെയാണിത്. ഫലപ്രഖ്യാപനം മെയ് 4നാണ്.

