മുംബൈ: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ചില അവശ്യ മരുന്നുകളുടെ വില താൽക്കാലികമായി 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മരുന്ന് നിർമ്മാണത്തിനാവശ്യമായ പദാർത്ഥങ്ങളുടെ വിലയിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്താണ് ഈ നീക്കം.(Prices of essential medicines may increase, Centre considering hike of up to 15 percent)
ഇറാൻ യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ മരുന്ന് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിന് ആവശ്യമായ സോൾവെന്റുകൾ, ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് എന്നിവയുടെ വില കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരട്ടിയായി വർദ്ധിച്ചു. അമോണിയ, നാഫ്ത തുടങ്ങിയ രാസവസ്തുക്കളുടെ വില 30 മുതൽ 100 ശതമാനം വരെ ഉയർന്നതോടെ പല അസംസ്‌കൃത വസ്തു നിർമ്മാണ യൂണിറ്റുകളും താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു.
മരുന്ന് വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ കോവിഡ് കാലത്തിന് സമാനമായ രീതിയിൽ വിലയിൽ ഇളവ് നൽകാനാണ് ഫാർമസ്യൂട്ടിക്കൽ വകുപ്പ് ലക്ഷ്യമിടുന്നത്. മൂന്ന് മുതൽ നാല് മാസം വരെയായിരിക്കും ഈ വില വർദ്ധനവ് പ്രാബല്യത്തിലുണ്ടാകുക. വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്ന മുറയ്ക്ക് മരുന്നുകളുടെ വിലയും പഴയ നിലയിലേക്ക് കൊണ്ടുവരും.
ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിന് മുൻപുള്ള വിലയിലേക്ക് മരുന്നുകൾ തിരിച്ചെത്താനാണ് സാധ്യത. ഇത് സാധാരണക്കാർക്ക് 3 മുതൽ 5 ശതമാനം വരെ അധിക ബാധ്യതയുണ്ടാക്കിയേക്കാം. മരുന്ന് നിർമ്മാണ മേഖലയിൽ നിന്നുള്ള നിർദ്ദേശം ഗവൺമെന്റ് ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം എത്രകാലം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. ചെറുകിട മരുന്ന് കമ്പനികളെയും കരാർ നിർമ്മാതാക്കളെയും നിലവിലെ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ തന്നെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

