Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeNational'നാരീശക്തിക്ക് നീതി വേണം': വനിതാ സംവരണ ബിൽ നടപ്പിലാക്കാനായി പിന്തുണ നൽകാൻ...

‘നാരീശക്തിക്ക് നീതി വേണം’: വനിതാ സംവരണ ബിൽ നടപ്പിലാക്കാനായി പിന്തുണ നൽകാൻ MPമാർക്ക് കത്തെഴുതാൻ സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീശക്തിയെ പ്രകീർത്തിച്ചും നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ത്രീകൾക്ക് കത്തെഴുതി. ഏപ്രിൽ 16 മുതൽ 18 വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്.(PM Modi urges women to write to MPs to support implementation of Women’s Reservation Bill)

ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രനിർമ്മാണ സംഭാവനകളെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കത്ത് ആരംഭിച്ചത്. ‘നാരീശക്തി വന്ദൻ അധിനിയം’ സംബന്ധിച്ച ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16-ന് പാർലമെന്റ് വീണ്ടും ചേരുമെന്നും അത് പാസാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘വികസിത് ഭാരതം’ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ്പുകൾ, ശാസ്ത്രം, ഇന്നൊവേഷൻ, കല, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്വയം സഹായ സംഘങ്ങളിലൂടെയും ‘ലക്ഷ്പതി ദീദി’ പദ്ധതിയിലൂടെയും ഗ്രാമീണ മേഖലയിലുൾപ്പെടെ സ്ത്രീകൾ സ്വയംപര്യാപ്തത നേടുന്നത് സ്ത്രീനേതൃത്വത്തിലുള്ള വികസനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വനിതാ താരങ്ങൾ മെഡലുകൾ വാരിക്കൂട്ടുന്നത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്. ദശകങ്ങളായി ഈ വിഷയത്തിൽ പൊതുസമ്മതമുണ്ടെങ്കിലും അതൊരു യുക്തിസഹമായ പര്യവസാനത്തിൽ എത്തിയിട്ടില്ല. സ്ത്രീ സംവരണം നടപ്പിലാക്കാൻ ഇനിയും വൈകുന്നത് നീതിയല്ലെന്ന് പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമനിർമ്മാണം പാസാക്കുകയാണെങ്കിൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളും പൂർണ്ണമായ സ്ത്രീ സംവരണത്തോടെ നടത്താൻ കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ ചരിത്രപരമായ നീക്കത്തിന് പിന്തുണ നൽകാൻ പ്രാദേശിക എംപിമാർക്ക് കത്തെഴുതണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് അഭ്യർത്ഥിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.