കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ജാതി വിവേചനവും പരിഹാസവും ചർച്ചയാകുമ്പോൾ, ശക്തമായ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ (RLV Ramakrishnan Facebook Post Nithin Raj). കലാരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, അപ്പോൾ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന തന്റെ സമുദായത്തിലെ കുട്ടികളുടെ അവസ്ഥ പറയേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കളിയാക്കലുകൾ നേരിടുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥ വാക്കുകൾക്ക് അപ്പുറമാണ്. ഒരു ജോലി കിട്ടിയതൊഴിച്ചാൽ പല ഇടങ്ങളിലും ഒഴിവാക്കലുകൾ ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. സംവരണത്തെ പരിഹസിക്കുന്നവർ ഒന്ന് ഓർക്കണം; ഈ സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് തങ്ങളെപ്പോലെയുള്ളവർക്ക് ഇത്രയെങ്കിലും പഠിക്കാൻ അവസരം ലഭിച്ചത്. അതുപോലുമില്ലെങ്കിൽ തങ്ങളെ പുഴുത്ത പട്ടിയെപ്പോലെ ആക്കിത്തീർക്കുമെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സ്വന്തം സമുദായത്തിലെ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും ഇത്തരം സാഹചര്യങ്ങളിൽ താങ്ങായി നിൽക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.
കോളേജിലെ സഹപാഠികളിൽ നിന്നും മറ്റും നേരിട്ട പരിഹാസങ്ങളും മാനസിക സമ്മർദ്ദവുമാണ് നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വിവേചനം ഈ സംഭവത്തോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കറുപ്പിനോടിനിയും വെറുപ്പോ….കൊച്ചനുജൻ നിധിന്റെ മരണ വാർത്ത….. അവന്റെ മുറിപ്പാടുകളോടുള്ള മൃതദേഹത്തിനരികിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ചങ്ക് പൊട്ടുന്ന വേദനകൾ..വയ്യ…. കാണാൻ വയ്യ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും മനസ്സ് കുത്തി നീറുന്ന വേദനയിൽ മനസ്സ് വഴിമാറി പോകുന്ന ഒരു ദുർബല നിമിഷം… അത് എനിക്കും ഉണ്ടായിട്ടുണ്ട്… ഒറ്റപ്പെടുന്നതിന്റെ… കളിയാക്കലിന്റെ വേദനകൾ.. ഞങ്ങളെ വംശ / വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ ഞങ്ങളുടെ കറുപ്പിനെയും ചുരുണ്ട മുടിയെയും തടിച്ച ശരീരത്തോടും കാണിക്കുന്ന അവജ്ഞകൾ….
കേവലം ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചപ്പോൾ വാശിയോടെ ഉന്നത വിദ്യാഭ്യാസം നേടി കൊണ്ട് ക്ലാസിക്കൽ കലയിൽ രംഗ പ്രയോക്താവായി നിലകൊണ്ടപ്പോഴും നിർബാധം തുടുരുന്ന കളിയാക്കലുകളും ഒഴിവാക്കലുകളും കൊണ്ട് ഈ ലോകത്ത് താൻ പഠിച്ച സർട്ടിഫിക്കറ്റു കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് തോന്നിയപ്പോൾ ഭ്രാന്തമായ ഒരു നിമിഷത്തിൽ ഞാനും ഒരിക്കൽ ആഗ്രഹിച്ചതാണ്…. തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന അവസ്ഥയെ!!!
കളിയാക്കലുകൾ നേരിടുമ്പോൾ ഉണ്ടാക്കുന്ന അവസ്ഥ വിവരിക്കാവുന്നതിനപ്പുറത്താണ്..കണ്ണിലേക്ക് ഇരുട്ട് കയറി, ചെവിയൊക്കെ കൊട്ടിയടച്ച് കണ്ണിൽ നിന്നും ചൂട് ആവി പറക്കുന്ന ഒരു തരം പനിച്ച അവസ്ഥ പലവട്ടം അനുഭവിച്ചിട്ടുണ്ട്…..ആ വേദന ഭീകരമാണ്…
ചിലപ്പോൾ ആരുമില്ലാത്ത ഒരിടത്തിരുന്ന് ഉറക്കെ കരയാൻ തോന്നും… ചിലപ്പോൾ ഒന്നും മിണ്ടാതെ തളർന്നിരിക്കാൻ തോന്നും… പ്രിയപ്പെട്ട നിധിനും ഇത്തരം മാനസിക വിഭ്രാന്തിയിലൂടെ അതുമല്ലെങ്കിൽ അതിനപ്പുറത്തേക്ക് കടന്നുപോയിട്ടുണ്ടാവും തീർച്ച….
കേവലം കലാ രംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന എന്റെ സമുദായത്തിലെ പ്രിയ കൊച്ചനുജന്മാരുടെയും അനുജത്തിമാരുടെയും കഥ പറയേണ്ടതുണ്ടോ….അങ്ങനെ പലരുടെയും കഥകൾ കേട്ടിട്ടുണ്ട്
മഹാത്മാ അയ്യങ്കാളിയെയും , ഡോ അംബേദ്ക്കറെയും ഒക്കെ പഠിക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഉണ്ടാകുന്ന പ്രചോദനം വളരെ വലുതാണ്… തങ്ങളുടെ സമുദായത്തിൽ രണ്ട് ബിഎക്കാരെങ്കിലും വേണമെന്ന മഹാത്മ അയ്യങ്കാളിയുടെ വാക്കുകൾ ഉൾക്കൊണ്ട് പഠിക്കാനിറങ്ങുമ്പോൾ നേരിടേണ്ടി വരുന്നത് ജാതി വർണ്ണ വെറികളാൽ ഉച്ചനീചത്വങ്ങൾ ഉള്ളിൽ പേറുന്നവരെയാണ്..
അവരെ നേരിടുക എന്നത് വലിയ മാനസിക സംഘർഷങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കും തീർച്ച… പിന്നെ ഞങ്ങൾ പ്രശ്നക്കാരനായി… അവരുടെ നോട്ടത്തിൽ അഹങ്കാരിയും നോട്ടപ്പുള്ളിയുമാകും.
ഒരിക്കൽ ഒരു സെമിനാർ ഹാളിൽ ചെന്ന് ഇരുന്നപ്പോൾ എന്നോട് എഴുന്നേറ്റ് പോകാൻ പറയുകയും അതേ തുടർന്ന് പിന്നീട് ഉണ്ടായ പ്രശ്നങ്ങൾ….
പേര് പറയാതെ കളർ പറഞ്ഞ് കളിയാക്കിയപ്പോൾ….’ “കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല” എന്ന് പറഞ്ഞ് കളിയാക്കിയ സാഹചര്യങ്ങൾ താണ്ടി ഇന്നെത്തി നിൽക്കുമ്പോൾ ….. ഇന്ന് തന്റെ കറുത്ത മുത്തായ മകന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന ആ മാതാവിന് തന്റെ കുഞ്ഞ് കറുത്തവനായാലും അവൻ ആ അമ്മയ്ക്ക് പൊന്നിനോളം പോന്നവനാണെന്ന് ആർക്കാണ് തിരിച്ചറിവുണ്ടാക്കാത്തത്….
മരിച്ചു കിടക്കുന്ന നിധിനെ യാത്രയാക്കാൻ പോലും കൂട്ടുക്കാർക്ക് പറ്റാത്ത നിലപാടുകൾ വളരെ വളരെ ഭീകരമാണ്…… സുഹൃത്തെന്ന് പറഞ്ഞ് നടിച്ച പല സുഹൃത്തുക്കളെയും എനിക്കും കാണാൻ കഴിഞ്ഞിട്ടുണ്ട്. പഠിച്ച് ജോലി നേടിയപ്പോഴും സുഹൃത്തക്കളെന്നു കരുതിയ പലരും പരിഹസിച്ച് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്….കണ്ടിട്ടുണ്ട്….
ഇതെല്ലാം
SC/ST ഓശാരത്തിൽ കിട്ടിയതത്രെ!!!
ഇന്ന് അട്രോസിറ്റി കേസുകൾക്ക് ഒരു വില പോലും ഇല്ലെന്ന് പലരും പറഞ്ഞു കേൾക്കുമ്പോൾ വേദനയുണ്ട്….. ആശങ്കയുണ്ട് നിയമങ്ങളും കോടതിയും എന്തു ചെയ്യണമെന്നറിയണം… ഒരു അട്രോസിറ്റി വിധി അറിയാൻ ഞാനും കാത്തിരിക്കുകയാണ്.
സംവരണത്തെ പരിഹസിക്കുന്നവരോട് പറയാനുള്ളത് …… ഈ സംവരണം ഉള്ളതു കൊണ്ട് മാത്രമാണ് ഞങ്ങൾക്കൊക്കെ ഇത്രയെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടായത്… അത് പോലും ഇല്ലെങ്കിൽ ഞങ്ങളെ പുഴുത്ത പട്ടിയെ പോലെ ആക്കി തീർക്കും… തീർച്ച…..
ഒരു ജോലി കിട്ടിയതൊഴിച്ചാൽ ഒഴിവാക്കലുകൾ നിർബാധം തുടരുന്നുണ്ട്…പ്രിയപ്പെട്ടവരെ ഞങ്ങളും മനുഷ്യരാണ്… എന്തേ സമൂഹം ഇങ്ങനെയാവുന്നത്…ന നിങ്ങളെപ്പോലെ ഞങ്ങൾക്കും കൂടി അവകാശപ്പെതല്ലെ ഈ മണ്ണും.. ലോകവും..
Story Summary:
RLV Ramakrishnan, dancer and brother of late actor Kalabhavan Mani, reacted emotionally to the suicide of Nithin Raj, a BDS student in Kannur. In a Facebook post, he highlighted the pain of being mocked and discriminated against based on caste. He defended the necessity of reservation, stating it’s the only reason people from his community get to study, and warned that without it, they would be treated like “maggot-infested dogs.” He pointed out that despite getting jobs, social exclusion still persists.

