മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശി ഉടൻ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയേക്കും. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ സെലക്ടർമാർ താരത്തെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് വൈഭവിനെ ടീമിലേക്ക് പരിഗണിക്കുന്നത്.(Vaibhav Sooryavanshi to join Indian senior team soon, Will he break Sachin’s record? )
അയർലൻഡ് പര്യടനത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ പരീക്ഷിക്കാനാണ് ബിസിസിഐ നീക്കം. അയർലൻഡ് പരമ്പരയ്ക്കൊപ്പം ഈ വർഷം നടക്കാനിരിക്കുന്ന സിംബാബ്വേ പര്യടനത്തിലും വൈഭവിനെ ഉൾപ്പെടുത്തിയേക്കും. ഐപിഎല്ലിലും ഇന്ത്യൻ അണ്ടർ-19 ടീമിലും താരം നടത്തിയ മിന്നും പ്രകടനമാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവിൽ മറ്റ് ചില യുവതാരങ്ങൾക്കൊപ്പം വൈഭവിനെ ഷോർട്ട്ലിസ്റ്റ് ചെയ്തതായി ബിസിസിഐ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.
അയർലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശി കളത്തിലിറങ്ങിയാൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയ്ക്കായി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഈ വർഷം മാർച്ചിൽ മാത്രം 15 വയസ്സ് പൂർത്തിയായ വൈഭവ് കളത്തിലിറങ്ങിയാൽ സച്ചിന്റെ ഈ റെക്കോർഡ് പഴങ്കഥയാകും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള പ്രവേശന വാർത്തകൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.

