മുംബൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായത്തിന് വിരാമമിട്ട് പ്രമുഖ പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.(Legendary singer Asha Bhosle passes away at 92)
ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അവരെ ശനിയാഴ്ച രാത്രി നില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മകൻ ആനന്ദ് ഭോസ്‌ലെ മരണവാർത്ത സ്ഥിരീകരിച്ചു. സംസ്കാരം നാളെ നടക്കും. 1933-ൽ വിഖ്യാതമായ മങ്കേഷ്‌കർ കുടുംബത്തിൽ ജനിച്ച ആശ, പത്താം വയസ്സിൽ ആണ് ആദ്യമായി സിനിമയിൽ പാടുന്നത്. ലതാ മങ്കേഷ്‌കറുടെ സഹോദരി എന്ന ലേബലിൽ നിന്ന് മാറി സ്വന്തമായ ആലാപന ശൈലിയിലൂടെ അവർ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തി.
ഏത് തരം പാട്ടുകളും വഴങ്ങുന്ന ശബ്ദമായിരുന്നു ആശാ ഭോസ്‌ലെയുടേത്. കാബറെ ഗാനങ്ങളിലൂടെയും ഫാസ്റ്റ് നമ്പറുകളിലൂടെയും ശ്രദ്ധിക്കപ്പെട്ടെങ്കിലും, ‘ഉമ്രാവു ജാൻ’ പോലെയുള്ള ചിത്രങ്ങളിലെ ശാസ്ത്രീയ സംഗീതത്തിൽ അധിഷ്ഠിതമായ ഗസലുകളിലൂടെ അവർ ലോകത്തെ അത്ഭുതപ്പെടുത്തി. ഏഴ് ഫിലിം ഫെയർ അവാർഡുകളും, ‘ദിൽ ചീസ് ക്യാ ഹേ’, ‘മേരാ കുച്ച് സമാൻ’ തുടങ്ങിയ ഗാനങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങളും അവർ നേടി. ദാദാസാഹിബ് ഫാൽക്കെ അവാർഡും പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

