ഭുവനേശ്വർ: കഠിനമായ തണുപ്പിൽ നിന്നും രക്ഷ നേടാൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ പുതപ്പിച്ചിരുന്ന ഷാളുകൾ രണ്ട് സ്ത്രീകൾ എടുത്തുമാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു ക്ഷേത്രത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ പ്രവൃത്തിയെ മോഷണമായി കാണണോ അതോ ദാരിദ്ര്യം മൂലമുള്ള നിസ്സഹായാവസ്ഥയായി കാണണോ എന്നതിനെച്ചൊല്ലിയാണ് ഇൻ്റർനെറ്റിൽ തർക്കം നടക്കുന്നത്.
തണുപ്പുകാലത്ത് ഭക്തർ വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഷാളുകളാണ് സ്ത്രീകൾ എടുത്തത്. വീഡിയോയിൽ രണ്ട് സ്ത്രീകൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും വിഗ്രഹങ്ങളെ പുതപ്പിച്ചിരുന്ന ഷാളുകൾ ഓരോന്നായി അഴിച്ചെടുക്കുന്നതും കാണാം. മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും ഇവർ തൊട്ടിട്ടില്ല.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കഠിനമായ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ വേറെ വഴിയില്ലാത്തതുകൊണ്ടാകാം അവർ ഇങ്ങനെ ചെയ്തതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. “ദൈവത്തിന് തണുക്കില്ല, പക്ഷേ മനുഷ്യർക്ക് തണുക്കും” എന്നാണ് പലരും കുറിച്ചത്. ഇത് മോഷണമല്ലെന്നും ഗതികേടാണെന്നും ഇവർ വാദിക്കുന്നു.
എന്നാൽ ഇവർ രണ്ട് പേരും നേരത്തെ തന്നെ ഷാളുകൾ ധരിച്ചിരുന്നുവെന്നും, വിഗ്രഹങ്ങളിൽ നിന്നും ഷാൾ മാറ്റുന്നത് ദൈവനിന്ദയാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. ഷാൾ മാറ്റുന്നതിലൂടെ അവർ കാണിച്ചത് തെറ്റായ പ്രവണതയാണെന്നാണ് ഇവരുടെ പക്ഷം.
എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ലെങ്കിലും, വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. തണുപ്പുകാലത്ത് പാവപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
चोरी या बेबसी? pic.twitter.com/MbWbAbsP6t
— आजाद भारत का आजाद नागरिक (@AnathNagrik) January 21, 2026



