കൊച്ചി: സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ ‘പിഎംഇ ഡ്രൈവ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പദ്ധതിക്കായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.(219 new e-vehicle charging stations in Kerala, Central approval received)
335 ചാർജറുകളാണ് വിവിധ സ്റ്റേഷനുകളിലായി സ്ഥാപിക്കുക. സംസ്ഥാന വൈദ്യുതി ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ഇതിൽ 147 സ്റ്റേഷനുകൾ ദേശീയപാതയോരങ്ങളിലാണ് വരുന്നത്. കെഎസ്ഇബി, കെഎസ്ആർടിസി, ബിഎസ്എൻഎൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലായിരിക്കും ഇവ സ്ഥാപിക്കുക.
നിലവിൽ കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള ചാർജിങ് സ്റ്റേഷനുകൾക്ക് 30-60 കിലോവാട്ട് ശേഷിയാണുള്ളത്. എന്നാൽ പുതിയ പദ്ധതിയിൽ 120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകളായിരിക്കും ഒരുക്കുക. ഇത് ചാർജിങ് വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് ചാർജ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും.

