ചെന്നൈ: തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ആവേശകരമായ അന്ത്യത്തോടെ തിങ്കളാഴ്ച പൂർത്തിയായി. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ചു. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് ഫലം പ്രഖ്യാപിക്കും.(Tamil Nadu Assembly Elections, Scrutiny of nomination papers today)
സൂക്ഷ്മപരിശോധനയ്ക്ക് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ തള്ളപ്പെട്ട പത്രികകളുടെ വിവരങ്ങൾ ലഭ്യമാകും. സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാൻ ഏപ്രിൽ 9 വരെ സമയമുണ്ട്. അന്നേ ദിവസം ഉച്ചയോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും.
മാർച്ച് 30-നാണ് പത്രികാ സമർപ്പണം ആരംഭിച്ചത്. ആദ്യ ദിനം തന്നെ പ്രമുഖ നേതാക്കൾ പത്രിക നൽകിയിരുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 3,430 പത്രികകളാണ് ലഭിച്ചത്. ഏപ്രിൽ 2-ന് 788 പേരും, ഏപ്രിൽ 4-ന് 2,069 പേരും പത്രിക സമർപ്പിച്ചു. ശുഭമുഹൂർത്തമായതിനാൽ അവസാന ദിനമായ തിങ്കളാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തിരക്ക് നിയന്ത്രിക്കാൻ പലയിടങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തേണ്ടി വന്നു. അനുബന്ധ വോട്ടർപട്ടിക തിങ്കളാഴ്ചയോടെ അന്തിമമാക്കിയതായും ഉടൻ തന്നെ സംയോജിത വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ തമിഴ്‌നാട് കടുത്ത രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

