ബീജിങ്: വിവാഹദിവസം ആഡംബര കാറുകളിൽ വധൂഗൃഹത്തിലേക്ക് പോകുന്നതാണ് പതിവ് രീതി. എന്നാൽ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള പാൻ ഹാവോനാൻ എന്ന യുവാവ് തന്റെ വിവാഹയാത്രയ്ക്കായി തിരഞ്ഞെടുത്തത് ഒമ്പത് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ട്രക്കുകളാണ് (Chinese Man Septic Tank Truck Wedding). മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന പാൻ, തന്റെ തൊഴിലിനോടുള്ള ബഹുമാനസൂചകമായാണ് ഇത്തരമൊരു വേറിട്ട വഴി തിരഞ്ഞെടുത്തത്.
ഫിലിം എഡിറ്റിംഗിൽ ബിരുദധാരിയായ പാൻ, സ്വന്തം സ്റ്റാർട്ടപ്പ് പരാജയപ്പെട്ടതിനെത്തുടർന്നാണ് പിതാവിന്റെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ബിസിനസ്സിലേക്ക് എത്തിയത്. “ഞങ്ങൾ ചെയ്യുന്നത് അഴുക്കും ദുർഗന്ധവുമുള്ള ജോലിയായിരിക്കാം, പക്ഷേ ഞങ്ങൾ സമ്പാദിക്കുന്ന പണം ശുദ്ധമാണ്,” എന്ന് പാൻ പറയുന്നു. മാസം ഏകദേശം 3.5 ലക്ഷം ഇന്ത്യൻ രൂപയോളം (30,000 യുവാൻ) പാൻ ഈ ജോലിയിലൂടെ സമ്പാദിക്കുന്നുണ്ട്. ജോലിക്കായി ട്രക്ക് ഉപയോഗിക്കുന്ന പാൻ, വ്യക്തിഗത ആവശ്യങ്ങൾക്കായി മെഴ്സിഡസ് ബെൻസ് കാറാണ് ഉപയോഗിക്കുന്നത്.
ആദ്യം പാനിന്റെ മാതാപിതാക്കൾ ഈ ആശയത്തെ എതിർത്തുവെങ്കിലും വധുവായ ലി യാച്ചിംഗ് പൂർണ്ണ പിന്തുണ നൽകി. “ഈ വിവാഹയാത്ര വളരെ റോമാന്റിക് ആണെന്നാണ് എനിക്ക് തോന്നുന്നത്. കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്ന അദ്ദേഹത്തിന്റെ മനസ്സിനെയാണ് ഞാൻ വിലമതിക്കുന്നത്,” ലി പറഞ്ഞു. ഒമ്പത് ട്രക്കുകളും നന്നായി കഴുകി വൃത്തിയാക്കി ചുവന്ന പൂക്കൾ കൊണ്ട് അലങ്കരിച്ചാണ് വിവാഹഘോഷയാത്ര നടത്തിയത്. ഇതിൽ രണ്ട് ട്രക്കുകൾ പാനിന്റെ ഉടമസ്ഥതയിലുള്ളതും ബാക്കിയുള്ളവ സുഹൃത്തുക്കളിൽ നിന്ന് കടമെടുത്തതുമാണ്.
സോഷ്യൽ മീഡിയയിൽ ഈ വിവാഹ വീഡിയോ 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പലരും പാനിന്റെ ആത്മവിശ്വാസത്തെയും തൊഴിലിനോടുള്ള മനോഭാവത്തെയും അഭിനന്ദിച്ചപ്പോൾ, ചിലർ ഇത് വെറും പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്ന് വിമർശിച്ചു. എങ്കിലും, തന്റെ തൊഴിലിനെ അഭിമാനത്തോടെ ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ നവദമ്പതികൾ.

