തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്.(Painkuni Festival, Thiruvananthapuram Airport to be closed for 4 hours today)
ഏകദേശം നാല് മണിക്കൂറോളമാണ് റൺവേ അടച്ചിടുക. ഈ സമയത്തുള്ള വിമാന സർവീസുകൾ നേരത്തെ തന്നെ പുനഃക്രമീകരിച്ചിട്ടുണ്ട്. സർവീസുകളിലുണ്ടായ മാറ്റം അതത് വിമാനക്കമ്പനികൾ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
നാളുകളായി തുടർന്നുപോരുന്ന ആചാരപരമായ ഘോഷയാത്രയാണിത്. ശംഖുമുഖം കടപ്പുറത്തെ ആറാട്ടിനായി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഈ വഴിയിലൂടെയാണ് കടന്നുപോയിരുന്നത്. വിമാനത്താവളം നിലവിൽ വന്ന ശേഷവും ഈ ആചാരം തടസ്സപ്പെടാതിരിക്കാൻ വർഷത്തിൽ രണ്ട് തവണ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കാറുണ്ട്.

