ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ലോകപ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് (Warren Buffett about Epstein Files). സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബർക്‌ഷെയർ ഹാത്ത്‌വേ ചെയർമാനായ ബഫറ്റ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
2025 അവസാനത്തോടെ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിൽ ബിൽ ഗേറ്റ്‌സും എപ്‌സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ കോടതിയിലോ അന്വേഷണ ഏജൻസികൾക്ക് മുൻപാകെയോ സാക്ഷിയായി പോകാൻ തനിക്ക് താല്പര്യമില്ലെന്നും, അതുകൊണ്ടാണ് ഗേറ്റ്‌സുമായുള്ള സമ്പർക്കം ഒഴിവാക്കിയതെന്നും ബഫറ്റ് വ്യക്തമാക്കി. “സത്യപ്രതിജ്ഞ ചെയ്ത് മൊഴി നൽകുന്ന ഒരു സാഹചര്യത്തിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
എപ്‌സ്റ്റീനെ ഒരു വലിയ തട്ടിപ്പുകാരൻ എന്നാണ് ബഫറ്റ് വിശേഷിപ്പിച്ചത്. പ്രമുഖരായ വ്യക്തികളുടെ ബലഹീനതകൾ മനസ്സിലാക്കി അവരെ വലയിലാക്കാൻ എപ്‌സ്റ്റീന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. എപ്‌സ്റ്റീനെ കാണാൻ തന്നെ ക്ഷണിക്കാതിരുന്നതിൽ ഗേറ്റ്‌സിനോട് നന്ദിയുണ്ടെന്നും ബഫറ്റ് കൂട്ടിച്ചേർത്തു. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി ബഫറ്റ് ഇതുവരെ 4,300 കോടിയിലധികം ഡോളർ നൽകിയിട്ടുണ്ട്. എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കാൻ ബിൽ ഗേറ്റ്‌സ് ഉടൻ തന്നെ അമേരിക്കൻ ജനപ്രതിനിധി സഭയ്ക്ക് മുൻപാകെ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.
Summary: Billionaire investor Warren Buffett revealed that he hasn’t spoken to Bill Gates since the “Epstein files” were unveiled in late 2025. Speaking to CNBC, Buffett stated he wants to avoid being called as a witness or testifying under oath regarding Gates’ association with the late sex offender Jeffrey Epstein.

