ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ രാജ്യത്ത് വിമാന ഇന്ധന വിലയിൽ സമാനതകളില്ലാത്ത വർദ്ധനവ്. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഇതോടെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ഉറപ്പായി.(Record increase in ATF price, Air ticket prices may soar)
ഡൽഹിയി ഇന്ധനവില ഒരു കിലോലിറ്ററിന് 2,07,341 രൂപയായി. മാർച്ചിലെ വില 96,638 രൂപ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ റെക്കോർഡ് വർദ്ധനവിന് കാരണം. ആഭ്യന്തര സർവീസുകൾക്ക് 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും ഇന്ധനവില വർദ്ധിച്ചിട്ടുണ്ട്.
വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായതിനാൽ, ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ സർക്കാരിനുണ്ടായിരുന്ന നിയന്ത്രണം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കും.

