ന്യൂഡൽഹി: നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഘട്ടം നീണ്ടുനിൽക്കുക.(Census process begins in the country today, First phase in 8 states, Kerala from June 16)
സെൻസസ് 2027-ന്റെ ഭാഗമായുള്ള ഭവന സെൻസസിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യം ഇന്നുമുതൽ ലഭ്യമാണ്. കേരളത്തിൽ സെൻസസ് നടപടികൾ ജൂൺ 16-ന് ആരംഭിക്കും. ജൂൺ 30 വരെ ഓൺലൈനായി വിവരങ്ങൾ നൽകാം. തുടർന്ന് ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.
വീടിന്റെ വിവരങ്ങൾ, ഗൃഹോപകരണങ്ങൾ, ജാതി, ഗൃഹനാഥന്റെ വിവരങ്ങൾ തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സെൻസസ് ചരിത്രത്തിൽ ആദ്യമായി ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ, വിവാഹിതരല്ലെങ്കിലും ഒന്നിച്ചു താമസിക്കുന്നവരുടെ ബന്ധം സുസ്ഥിരമാണെങ്കിൽ അവരെ സെൻസസിൽ ‘വിവാഹിതർ’ എന്ന വിഭാഗത്തിൽ തന്നെ ഉൾപ്പെടുത്തും. ആദ്യഘട്ട നടപടികൾ സെപ്റ്റംബർ 30-ഓടെ പൂർത്തിയാകും. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ ആരംഭിക്കും. രാജ്യം പൂർണ്ണമായും ഡിജിറ്റൽ സെൻസസിലേക്ക് മാറുന്നതിനാൽ ഭൂരിഭാഗം വിവരങ്ങളും 2027-ൽ തന്നെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു.

