വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം തുടരാൻ സാധ്യത കുറവാണെന്ന അവകാശവാദവുമായി അമേരിക്ക (US Iran War). ഇറാൻ ഭരണകൂടത്തിന് ബുദ്ധിയുണ്ടെങ്കിൽ ഉടൻ തന്നെ അമേരിക്കയുമായി കരാറിലെത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. പെന്റഗണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാനിൽ പോരാടുന്ന സൈനികരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധം അവസാനിക്കുമെന്ന നിഗമനത്തിൽ എത്തിയതെന്ന് ഹെഗ്‌സത്ത് അവകാശപ്പെട്ടു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇറാനിലെ 11,000 ലക്ഷ്യങ്ങൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ ഏർപ്പെടാൻ തയ്യാറാണ്. ഇറാൻ ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ യുദ്ധം കൂടുതൽ തീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ ഭരണകൂടത്തേക്കാൾ വിവേകമുള്ളവരാണ് ഇറാനിൽ പുതുതായി അധികാരമേറ്റിരിക്കുന്നത് എന്നാണ് തന്റെ ധാരണയെന്നും ഹെഗ്‌സത്ത് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിസമ്മതിച്ച സഖ്യകക്ഷികൾക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് തുറന്നടിച്ചത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞത് മൂലം ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ കുറച്ച് ധൈര്യം കാണിക്കണമെന്ന് ട്രംപ് പരിഹസിച്ചു. “ഹോർമുസിൽ നിങ്ങളെ സഹായിക്കാൻ അമേരിക്ക ഇനി വരില്ല. ഇന്ധനം വേണമെങ്കിൽ അമേരിക്കയെ സമീപിക്കാം, ഞങ്ങളുടെ പക്കൽ ധാരാളം ശേഖരമുണ്ട്,” ട്രംപ് വ്യക്തമാക്കി. സ്വന്തം സുരക്ഷയും ഇന്ധന ലഭ്യതയും ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വയം പോരാടണമെന്ന കർക്കശമായ നിലപാടാണ് ട്രംപ് ആവർത്തിക്കുന്നത്.
Story Summary:
US Defense Secretary Pete Hegseth claimed that the war with Iran is unlikely to continue and urged Iran to enter into a deal with the US. He revealed that the US has struck 11,000 targets in Iran over the last 30 days. Meanwhile, President Donald Trump slammed allies like the UK for not supporting the war effort, telling them to show “courage” and secure their own fuel supplies instead of relying on US military intervention in the Strait of Hormuz.

