കൊച്ചി: എടയാർ വ്യവസായ മേഖലയിലെ സിജി ലൂബ്രിക്കന്റ്സ് കമ്പനിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധിച്ചു (Edayar Fire Accident). കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി മരിച്ചതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും നിയമലംഘനങ്ങളും പുറത്തുവന്നത്.
ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിൽ, ബോയ്ലറിലെ കോയിൽ പരിശോധനയുൾപ്പെടെ വകുപ്പ് നേരത്തെ നൽകിയ 14 നിർദ്ദേശങ്ങളും കമ്പനി അധികൃതർ അവഗണിച്ചതായി കണ്ടെത്തി. ആറ് മാസം മുമ്പ് നടത്തിയ പരിശോധനയിൽ നൽകിയ ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബോയ്ലറിലുണ്ടായ ചോർച്ചയെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നിർദ്ദേശപ്രകാരം ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് കർശന നടപടികൾ സ്വീകരിച്ചത്. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കാനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ച കമ്പനിയിൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് ശേഷം വിവിധ വകുപ്പുകളുടെ കർശനമായ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ വീണ്ടും പ്രവർത്തനം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
Summary: The Factories and Boilers Department has issued a prohibition order against CG Lubricants in the Edayar industrial area following a fatal fire accident that killed a migrant worker from Bihar. An investigation led by Inspector K.R. Shajikumar revealed gross negligence and violation of 14 safety mandates issued six months ago, including mandatory boiler coil testing.

