ലഖ്‌നൗ: പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി (Allahabad High Court Interfaith Couple Ruling). മതാതീതമായി ലിവിങ് ടുഗെതർ ബന്ധത്തിൽ കഴിയുന്ന ദമ്പതികളെ ഹിന്ദു എന്നോ മുസ്ലിം എന്നോ അല്ല, മറിച്ച് സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് വ്യക്തികളായാണ് കോടതി കാണുന്നതെന്ന് ജസ്റ്റിസ് വിവേക് കുമാർ സിംഗ് നിരീക്ഷിച്ചു.
തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പോലീസിൽ നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒരു മിശ്രവിവാഹ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മതം ഏതായാലും തനിക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ഒരേ ലിംഗത്തിലുള്ളവർക്ക് പോലും ഒരുമിച്ച് ജീവിക്കാൻ നിയമം അനുവദിക്കുമ്പോൾ, വ്യത്യസ്ത ലിംഗത്തിലുള്ള പ്രായപൂർത്തിയായവർ ഒന്നിച്ച് ജീവിക്കുന്നതിനെ എതിർക്കാൻ കുടുംബത്തിനോ സമൂഹത്തിനോ സർക്കാരിനോ അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ഭരണഘടന നൽകുന്ന ഈ അവകാശങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏതൊരു പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. പൗരന്റെ മതവിശ്വാസം നോക്കാതെ തന്നെ ഈ സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. ദമ്പതികൾക്കെതിരെ എഫ്.ഐ.ആർ ഒന്നും നിലവിലില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Summary: The Allahabad High Court ruled that it views interfaith couples as two consenting adults living together rather than through the lens of religion. Justice Vivek Kumar Singh emphasized that the right to live with a partner of one’s choice is intrinsic to the right to life and personal liberty under Article 21 of the Constitution. The court stated that if the law permits same-sex couples to live together, then the state, family, or society cannot object to adult heterosexual relationships.

