ബംഗളൂരു: കർണാടക കോൺഗ്രസിനുള്ളിലെ സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ പോര് അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരുവരെയും മെയ് പകുതിയോടെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. നിലവിൽ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ഉടൻ തന്നെ കർണാടകയിലെ നേതൃമാറ്റ വിഷയത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.(Power dispute in Karnataka, Rahul Gandhi intervenes to resolve)
കർണാടകയിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി പാർട്ടിയിൽ ഐക്യം ഉറപ്പാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. മാർച്ച് മാസത്തിൽ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ബജറ്റ് സമ്മേളനവും തിരഞ്ഞെടുപ്പ് തിരക്കുകളും കാരണം മാറ്റിവെക്കുകയായിരുന്നു.
ഹൈക്കമാൻഡ് പ്രധാനമായും രണ്ട് സമവായ സാധ്യതകളാണ് പരിശോധിക്കുന്നത്. സിദ്ധരാമയ്യയെ മാറ്റേണ്ടി വന്നാൽ അദ്ദേഹത്തിന് പാർട്ടിയിൽ ദേശീയതലത്തിൽ പ്രധാന്യമുള്ള പദവി നൽകുകയും മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ അനുയായികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുക. സിദ്ധരാമയ്യയെ അഞ്ച് വർഷം തികയ്ക്കാൻ അനുവദിക്കുകയാണെങ്കിൽ, ഡി.കെ. ശിവകുമാർ നിർദ്ദേശിക്കുന്നവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പുനഃസംഘടന നടത്തുക. കൂടാതെ, 2028-ലെ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ ശിവകുമാറിന് മുഖ്യമന്ത്രി പദം ഉറപ്പ് നൽകുക.

