ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ, ആണവ നയത്തിൽ നിർണ്ണായക മാറ്റം വരുത്താൻ ഇറാൻ ഒരുങ്ങുന്നു (Iran NPT Withdrawal Bill). ആഗോള ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാനുള്ള ബില്ല് ഇറാൻ പാർലമെന്റിന്റെ നിയമനിർമ്മാണ സമിതിക്ക് സമർപ്പിച്ചു. എം.പി. മലേക് ശര്യാതിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച ശേഷം ഇറാൻ പാർലമെന്റ് ഇതുവരെ ചേർന്നിട്ടില്ലെങ്കിലും, അടിയന്തര പ്രാധാന്യമുള്ള ബില്ലായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
എൻ.പി.ടിയിൽ നിന്നുള്ള പിന്മാറ്റം, നിലവിലെ ആണവ കരാറിലെ ബാധ്യതകൾ റദ്ദാക്കൽ, സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേർന്ന് പുതിയ ആണവ സഹകരണ കരാർ ഉണ്ടാക്കൽ എന്നീ മൂന്ന് നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറാന്റെ ഇന്ധന സംഭരണശാലകൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ കത്തിൽ ഇറാൻ ആരോപിച്ചു.
യുദ്ധം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളിൽ കണ്ടത്. ശനിയാഴ്ച പുലർച്ചെ യു.എ.ഇക്കും ബഹ്റൈനും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ബഹ്റൈനിലെ ഒരു കേന്ദ്രത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടെഹ്റാൻ, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങി പ്രധാന ഇറാൻ നഗരങ്ങളിലെല്ലാം വെള്ളിയാഴ്ച രാത്രി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇറാൻ അതിർത്തിയിൽ 17,000 കരസേനാ സൈനികരെ വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കുകയോ തന്ത്രപ്രധാനമായ മേഖലകൾ നിയന്ത്രണത്തിലാക്കുകയോ ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
Summary: A fast-tracked bill has been submitted to Iran’s parliament proposing a withdrawal from the Nuclear Non-Proliferation Treaty (NPT) and a total overhaul of its nuclear policy. This comes as the conflict escalates, with Iran launching missile and drone attacks on the UAE and Bahrain in retaliation for US-Israeli strikes. Meanwhile, reports suggest the US may deploy up to 17,000 ground troops near Iran, signaling a major military escalation. Explosions continue to rock major Iranian cities including Tehran and Isfahan, causing damage to energy infrastructure.

