ഗെയിമിംഗ് ആപ്പുകൾ വഴി വിദേശ ഹാൻഡ്‌ലർമാരുമായി ബന്ധം സ്ഥാപിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 12 പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പോലീസ് പിടികൂടി. ആന്ധ്രാപ്രദേശ്, ഡൽഹി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത് (ISIS Al-Qaeda Arrest India). അൽ-ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് , ഐസിസ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആന്ധ്ര സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷരീഫ്, മിർസ സുഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരുടെ നേതൃത്വത്തിൽ “അൽ മാലിക് ഇസ്ലാമിക് യൂത്ത്” എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു പ്രവർത്തനം. ബിഹാർ, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവർ. രാജ്യത്തിന്റെ ദേശീയ പതാകയ്ക്ക് പകരം ഐസിസ് പതാക ഉപയോഗിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചും ഇവർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു.
പരിശീലനത്തിനായി അടുത്ത ഒരു മാസത്തിനുള്ളിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി. കൂടുതൽ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാനും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനത്തിന് അയക്കാനും ഇവർ ശ്രമിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരൻ ഒസാമ ബിൻ ലാദന്റെ വീഡിയോകൾ സ്ഥിരമായി കാണുകയും അവ അനുകരിക്കുകയും ചെയ്യുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. ഗസ്‌വ-ഇ-ഹിന്ദ് (ഇന്ത്യയ്‌ക്കെതിരായ യുദ്ധം) എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബൈക്ക് ടാക്സി ഡ്രൈവർ, ഹോട്ടൽ ജീവനക്കാരൻ തുടങ്ങിയ സാധാരണ ജോലികൾ ചെയ്തിരുന്ന ഇവർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിദേശത്തുള്ള ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയിരുന്നത്. ഐസിസുമായി ബന്ധമുള്ള ‘ബെനെക്സ് കോം’ എന്ന ഗ്രൂപ്പുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Summary: Twelve individuals with suspected links to ISIS and Al-Qaeda have been arrested following a joint multi-state operation by the Andhra Pradesh and Delhi Police. The group, which included residents from several states, reportedly met foreign handlers via a gaming app.

