ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുമ്പോഴും എണ്ണ വിപണിയിൽ നിന്ന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക പ്രധാന രാജ്യം എന്ന പദവി കൈവന്നതോടെയാണ് ഇറാന്റെ ക്രൂഡ് ഓയിലിന് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഇറാന് ഇരട്ടി ലാഭമാണ് നൽകുന്നത്.(Iran Earning $139 Million A Day From Oil Amid Hormuz Crisis)
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് ഇറാന് ഗുണകരമായി. മുൻപ് ബ്രെന്റ് ക്രൂഡിനേക്കാൾ വലിയ വിലക്കുറവിൽ എണ്ണ വിറ്റിരുന്ന ഇറാൻ, ഇപ്പോൾ കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഡിസ്കൗണ്ടിലാണ് ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ നൽകുന്നത്. യുദ്ധത്തിന് മുൻപ് ബാരലിന് 10 ഡോളറിലധികം വ്യത്യാസമുണ്ടായിരുന്നത് ഇപ്പോൾ വെറും 2.10 ഡോളറായി ചുരുങ്ങി.
മറ്റ് ഗൾഫ് രാജ്യങ്ങളുടെ ചരക്കുനീക്കം തടസ്സപ്പെട്ടപ്പോൾ, ഇറാൻ തങ്ങളുടെ പ്രതിദിന ഉൽപ്പാദനം 1.6 ദശലക്ഷം ബാരലിൽ തന്നെ നിലനിർത്തി. ഖാർഗ് ഐലൻഡ് ടെർമിനലിൽ നിന്നുള്ള കപ്പൽ നീക്കം ഇപ്പോൾ കൂടുതൽ സജീവമാണ്. ഇറാന് മേൽ യുഎസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും, എണ്ണ വിപണിയിലെ വരുമാനം ഇറാന്റെ സാമ്പത്തിക അടിത്തറ തകരാതെ കാക്കുന്നു. യുദ്ധം മൂലം എണ്ണവില അനിയന്ത്രിതമായി ഉയരുന്നത് തടയാൻ, കടലിൽ കപ്പലുകളിലുള്ള ഇറാന്റെ എണ്ണ ശേഖരത്തിന്മേലുള്ള ഉപരോധം വാഷിംഗ്ടൺ താൽക്കാലികമായി നീക്കിയിരുന്നു.
ട്രംപ് ഭരണകൂടം പ്രായോഗികമായി ഇറാനോട് എണ്ണ വിൽക്കാൻ കെഞ്ചുകയാണ്, എന്ന് വിദഗ്ധൻ അഭിപ്രായപ്പെട്ടു. ഇറാന്റെ എണ്ണ വിപണിയെ തടയുന്നതിനേക്കാൾ മുൻഗണന അമേരിക്ക എണ്ണവില നിയന്ത്രിക്കുന്നതിനാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ പ്രധാന ക്രൂഡ് ഇനമായ ‘ഇറാനിയൻ ലൈറ്റിന്റെ’ കണക്കുകൾ പ്രകാരം മാർച്ചിൽ പ്രതിദിനം 139 ദശലക്ഷം ഡോളർ (ഏകദേശം 1,160 കോടി രൂപയിലധികം) വരുമാനം ഇറാൻ നേടുന്നുണ്ട്. ഫെബ്രുവരിയിൽ ഇത് 115 ദശലക്ഷം ഡോളറായിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ ഈ വൻ വരുമാനം ഇറാന്റെ പ്രതിരോധ മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആശ്വാസമാണ് പകരുന്നത്.

