ബെംഗളൂരു: നെലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്ത അധ്യാപകനെ മർദ്ദിച്ചു. ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയോട് പ്രൊഫസർ പ്രണയാഭ്യർത്ഥന നടത്തുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.(Professor proposes MBBS student, Girl hits him with her shoe)
വിദ്യാർത്ഥിക്ക് ചോക്ലേറ്റ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകന്റെ പെരുമാറ്റത്തിൽ രോഷാകുലയായ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് തന്നെ ഇതിനെതിരെ പ്രതികരിച്ചു. തുടർന്ന് പുറത്തുവെച്ച് മറ്റ് വിദ്യാർത്ഥികൾ ചേർന്ന് പ്രൊഫസറെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഇയാളെ ചെരുപ്പൂരി അടിച്ചതായും സഹപാഠികൾ ചേർന്ന് അധ്യാപകനെ ചവിട്ടുകയും ചെയ്തതായി വിവരമുണ്ട്.
സംഘർഷം രൂക്ഷമായതോടെ മർദ്ദനമേറ്റ പ്രൊഫസർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെലമംഗല റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

