ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തിൽ കടുത്ത തിരിച്ചടി. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നീക്കങ്ങൾ പൂർണ്ണ വിജയം കാണാത്തതും ഇറാന്റെ ശക്തമായ പ്രതിരോധവും നെതന്യാഹു സർക്കാരിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.(Domestic politics and polls backfire, Netanyahu’s desperate attempt to maintain power)
ഇസ്രായേൽ നിയമപ്രകാരം മാർച്ച് 31-നകം പാർലമെന്റിൽ ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലെ സർക്കാർ പരാജയപ്പെടും. ഇങ്ങനെ സംഭവിച്ചാൽ 90 ദിവസത്തിനുള്ളിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും. യുദ്ധച്ചെലവുകൾ ഉൾപ്പെടെയുള്ള 225 ബില്യൺ ഡോളറിന്റെ ബജറ്റ് പാസാക്കിയെടുക്കാൻ സഖ്യകക്ഷികളുടെ പിന്തുണ തേടുകയാണ് നെതന്യാഹു.
യുദ്ധസമയത്ത് രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സെപ്റ്റംബർ-ഒക്ടോബർ വരെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമാണ് അദ്ദേഹം മുന്നണികളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന രാഷ്ട്രീയ സർവ്വേകൾ നെതന്യാഹുവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വലിയ ആശങ്കയാണ് നൽകുന്നത്. നിലവിൽ 34 സീറ്റുകളുള്ള പാർട്ടി പുതിയ തിരഞ്ഞെടുപ്പ് നടന്നാൽ 28 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
നെതന്യാഹു നേതൃത്വം നൽകുന്ന സഖ്യത്തിന് കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ലഭിക്കില്ലെന്നും അത് 51-ൽ ഒതുങ്ങുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്നായിരുന്നു നെതന്യാഹു പക്ഷത്തിന്റെ ആദ്യ കണക്കുകൂട്ടൽ. എന്നാൽ യുദ്ധം നീണ്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കി.

