ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്.(Supreme Court Junks Plea Against Vande Mataram Circular)
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശം കേവലം ഒരു ഉപദേശം മാത്രമാണെന്നും അത് നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്നും കോടതി വ്യക്തമാക്കി. ഗീതം ആലപിക്കാത്തതിന്റെ പേരിൽ ആർക്കെതിരെയും നിയമപരമായോ അല്ലാതെയോ ഉള്ള ശിക്ഷാ നടപടികൾ സർക്കുലറിൽ പറയുന്നില്ല. അതിനാൽ ഹർജി അപക്വമാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരാൾക്ക് ദേശീയ ഗീതം ആലപിക്കാനുള്ള അവകാശമുള്ളതുപോലെ തന്നെ ആലപിക്കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരി 28-നാണ് ആഭ്യന്തര മന്ത്രാലയം പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കിയത്. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഔദ്യോഗിക പതിപ്പാണ് ആലപിക്കേണ്ടത്.

