ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കായി അതിശക്തമായ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ യുഎസ് സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. അമേരിക്കയുടെ സമാധാന പദ്ധതിയോടുള്ള പ്രതികരണമായാണ് ഇറാൻ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്.(Military bases in Gulf countries must be shut down, Iran’s tough conditions before US)
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യം തങ്ങൾക്ക് ഭീഷണിയാണെന്നും അതിനാൽ എല്ലാ താവളങ്ങളും അടയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന് നൽകണം. ഇതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ‘ട്രാൻസിറ്റ് ഫീസ്’ ഈടാക്കാനുള്ള അധികാരവും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണം. കൂടാതെ, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേലിന്റെ സൈനിക നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കണം.
ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കുക, യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, ഹമാസ്-ഹിസ്ബുള്ള ഗ്രൂപ്പുകൾക്കുള്ള ധനസഹായം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് യുഎസ് ഇറാന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിന് പകരമായാണ് ഇറാൻ ഇപ്പോൾ കൂടുതൽ കടുപ്പമേറിയ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

