ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ ഇന്ധന ശേഖരം രാജ്യത്തുണ്ടെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനികൾ അറിയിച്ചു. പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.(There is no fuel shortage in India, says Petroleum Ministry)
ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകൾ പെട്രോളിയം മന്ത്രാലയം തള്ളി. നിലവിലെ ചട്ടപ്രകാരം ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവുമായി ബുക്കിംഗ് ഇടവേള തുടരും. ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകാനായി നിശ്ചിത ഇടവേളകളിൽ നിയന്ത്രണം കർശനമാക്കാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കാനിടയുള്ള സാഹചര്യത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് പാർലമെന്റ് കോംപ്ലക്സിൽ ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. പശ്ചിമേഷ്യയിലെ പ്രതിസന്ധി ദീർഘകാലം നീണ്ടുനിന്നേക്കാമെന്നും കോവിഡ് കാലത്തെന്നപോലെ രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു.

