ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും രാജ്യത്തെ കർഷകരുടെയോ ജനങ്ങളുടെയോ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (PM Modi’s foreign policy is personal, says Rahul Gandhi)
പ്രധാനമന്ത്രി നടപ്പിലാക്കുന്നത് രാജ്യത്തിന്റെ നയമല്ല, മറിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിദേശനയമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൃത്യമായി അറിയാം. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുന്നത് രാജ്യത്തിന്റെ വിദേശനയത്തെത്തന്നെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉള്ളതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പശ്ചിമേഷ്യയിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഒരു കോടിയോളം ഇന്ത്യക്കാരുടെയും കപ്പലുകളിലുള്ള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത് എങ്കിൽ നിലവിൽ അത് 41 രാജ്യങ്ങളായി വർദ്ധിപ്പിച്ചു. ഇത് പ്രതിസന്ധി കാലത്ത് ഇന്ധനലഭ്യത ഉറപ്പാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

