ടെഹ്‌റാൻ: ആഴ്ചകൾ നീണ്ട യുദ്ധഭീഷണികൾക്കൊടുവിൽ അമേരിക്കയുമായി ചർച്ചകൾക്കും കരാറിനും തയ്യാറാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖമേനി അറിയിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രഹസ്യ ചർച്ചകൾ ഫലം കണ്ടതായാണ് സൂചനകൾ.(Iran’s New Supreme Leader Mojtaba Khamenei Agrees To Negotiate, says report )
അമേരിക്കയും ഇറാനും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ജാരദ് കഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാൻ പ്രതിനിധികളുമായി നടത്തിയ ദ്വിദിന ചർച്ചകളിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ഇല്ലെങ്കിൽ ഊർജ്ജനിലയങ്ങൾ ആക്രമിക്കുമെന്നുമുള്ള മുൻ നിലപാടിൽ ട്രംപ് മാറ്റം വരുത്തി. ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അഞ്ചുദിവസം കൂടി ഇറാന് സമയം അനുവദിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.
യുദ്ധം അവസാനിപ്പിച്ച ശേഷം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇരുവരും ചേർന്ന് നിർവ്വഹിക്കുമെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. സന്ധി സംഭാഷണത്തിന് തയ്യാറാണെങ്കിലും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിലെ സ്ഥിതി പഴയപടിയാകില്ലെന്ന് ഇറാൻ നേതൃത്വം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് കടലിടുക്ക് വിട്ടുനൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെങ്കിലും കരാറിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

