വാഷിങ്ടൻ: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാർ എന്നയാളാണ് തന്റെ ഭാര്യയെയും ബന്ധുക്കളെയും വെടിവച്ചു കൊന്നത്.(Family feud, 4 killed in shooting in US)
കൊല്ലപ്പെട്ടവർ മീനു ഡോഗ്ര(വിജയ് കുമാറിന്റെ ഭാര്യ), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ്. വെടിവയ്പ്പ് നടന്ന സമയത്ത് വീട്ടിൽ മൂന്ന് കുട്ടികളുണ്ടായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.
തുടർന്ന് കുട്ടികളിലൊരാൾ തന്നെ എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കേൽക്കാതെ രക്ഷപ്പെട്ട കുട്ടികളെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി.
പ്രതിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു.



