HomeWorldഒരൊറ്റ രാത്രികൊണ്ട് 13 മീറ്റർ ഉയരത്തിൽ പൊന്തിയ കൂറ്റൻ പൈപ്പ്; ജപ്പാനെ...

ഒരൊറ്റ രാത്രികൊണ്ട് 13 മീറ്റർ ഉയരത്തിൽ പൊന്തിയ കൂറ്റൻ പൈപ്പ്; ജപ്പാനെ അമ്പരപ്പിച്ച പ്രതിഭാസം | Giant Steel Pipe Mystery Osaka

ജപ്പാനിലെ ഒസാക്ക നഗരത്തിൽ റോഡിന് നടുവിൽ ഒരൊറ്റ രാത്രികൊണ്ട് പടുകൂറ്റൻ സ്റ്റീൽ പൈപ്പ് ഉയർന്നു വന്നത് ജനങ്ങളെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചു (Giant Steel Pipe Mystery Osaka). തിരക്കേറിയ ഹൈവേയ്ക്ക് സമീപമുള്ള നിർമ്മാണ സ്ഥലത്തുനിന്നാണ് ഏകദേശം 13 മീറ്റർ (42 അടി) ഉയരത്തിൽ ഈ പൈപ്പ് ഭൂമി തുളച്ച് മുകളിലേക്ക് വന്നത്. ബുധനാഴ്ച രാവിലെ പൈപ്പിന്റെ മുകളിൽ നിന്ന് ടാറിട്ട റോഡിന്റെ കഷ്ണങ്ങൾ തെറിച്ചുവീഴുന്നത് കണ്ട ഒരു കാൽനടയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.

നഗരത്തിലെ അഴുക്കുചാൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് ഈ വിചിത്രമായ സംഭവം നടന്നത്. വെള്ളപ്പൊക്കം തടയുന്നതിനായി പുതിയ കനാലുമായി പഴയ അഴുക്കുചാലുകളെ ബന്ധിപ്പിക്കുന്ന ജോലികളായിരുന്നു അവിടെ നടന്നിരുന്നത്. മണ്ണ് ഇടിഞ്ഞു വീഴാതിരിക്കാൻ താങ്ങായി സ്ഥാപിച്ചിരുന്ന 3.5 മീറ്റർ വ്യാസമുള്ള കൂറ്റൻ സ്റ്റീൽ പൈപ്പാണ് ഭൂമിക്ക് മുകളിലേക്ക് ഉയർന്നു വന്നത്.

പൈപ്പിനുള്ളിലെ വെള്ളം തൊഴിലാളികൾ പൂർണ്ണമായും പമ്പ് ചെയ്ത് കളഞ്ഞതാണ് ഈ ‘വളർച്ചയ്ക്ക്’ പിന്നിലെ സാങ്കേതിക കാരണമെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. പൈപ്പ് ശൂന്യമായതോടെ ഭൂമിക്കടിയിലെ മർദ്ദം കാരണം അത് മുകളിലേക്ക് പൊങ്ങി വരികയായിരുന്നു.

സംഭവം അറിഞ്ഞ് അഗ്നിശമനസേനയും നിർമ്മാണ വിദഗ്ദ്ധരും സ്ഥലത്തെത്തി. പൈപ്പിന്റെ വശങ്ങളിൽ ദ്വാരമുണ്ടാക്കി അതിനുള്ളിലേക്ക് വീണ്ടും വെള്ളം നിറച്ചതോടെ പൈപ്പ് പതുക്കെ താഴേക്ക് പോയി. വ്യാഴാഴ്ചയോടെ പൈപ്പ് റോഡ് നിരപ്പിന് ഏതാനും അടി ഉയരത്തിലേക്ക് താഴ്ന്നു. ബാക്കി നിൽക്കുന്ന ഭാഗം മുറിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box