ഹൈദരാബാദ്: തന്റെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി രശ്മിക മന്ദാന (Rashmika Mandanna viral audio clip). തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും കുടുംബത്തെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് താരം വ്യക്തമാക്കി. എട്ട് വർഷമായി താൻ നേരിടുന്ന സൈബർ ആക്രമണങ്ങൾ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ പറഞ്ഞു.
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വെറുപ്പ് പടർത്തുന്നത് കണ്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും റീച്ചിന് വേണ്ടി ഇത്തരക്കാർ എത്രത്തോളം അധപതിക്കുമെന്നും താരം ചോദിച്ചു.എട്ട് വർഷം മുൻപുള്ളതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം അനുവാദമില്ലാതെ റെക്കോർഡ് ചെയ്ത് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് രശ്മിക ആരോപിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും ഇതിലേക്ക് വലിച്ചിഴച്ചത് വേദനിപ്പിച്ചതായും താരം കുറിച്ചു.
തന്റെ സ്വകാര്യ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നും തന്റെ തീരുമാനങ്ങൾ താൻ തന്നെ കൈക്കൊള്ളുമെന്നും നടി വ്യക്തമാക്കി.ഈ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്ക് 24 മണിക്കൂർ സമയം നൽകുന്നതായും അവ ഉടനടി നീക്കം ചെയ്യണമെന്നും രശ്മിക ആവശ്യപ്പെട്ടു. ഇത് പാലിക്കാത്ത പക്ഷം അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി.
സന്തോഷത്തോടെയല്ല ഈ തീരുമാനമെന്നും എന്നാൽ അന്തസ്സും സമാധാനവും സംരക്ഷിക്കാൻ ഇത് അനിവാര്യമായി മാറിയിരിക്കുകയാണെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. വരാനിരിക്കുന്ന പുതിയ സിനിമകളുടെ തിരക്കുകൾക്കിടയിലാണ് രശ്മിക ഇത്തരമൊരു സൈബർ ആക്രമണത്തെ നേരിടുന്നത്.
Story Summary:
Actress Rashmika Mandanna reacted strongly against a leaked audio clip allegedly featuring her mother, Suman Mandanna. Rashmika condemned the 8-year-long harassment and privacy violation, warning digital platforms and influencers to remove the content within 24 hours or face legal action.

