ദുബായ്: ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനയാത്രകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ലാത്വിയയിൽ നിന്നുള്ള ഒരു യുവതിയുടെ അപൂർവ്വമായ യാത്രാനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Russian Woman Solo Passenger Dubai Flight). ലാത്വിയയിലെ റിഗയിൽ നിന്ന് ദുബായിലേക്കുള്ള കൊമേഴ്‌സ്യൽ വിമാനത്തിൽ യാത്ര ചെയ്ത മറീന ഗില്ല എന്ന റഷ്യൻ യുവതിയാണ് വിമാനത്തിലെ ഏക യാത്രക്കാരിയായി മാറിയത്. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു ഈ അവിശ്വസനീയമായ യാത്ര.
വിമാനത്തിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളും താൻ മാത്രമുള്ള യാത്രാ ദൃശ്യങ്ങളും മറീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഒരു പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്യുന്ന അനുഭവം” എന്നാണ് അവൾ ഇതിനെ തമാശരൂപേണ വിശേഷിപ്പിച്ചത്. വിമാനത്തിലെ ജീവനക്കാർ തനിക്ക് പ്രത്യേക പരിഗണന നൽകിയെന്നും അധികമായി ഭക്ഷണവും പാനീയങ്ങളും നൽകിയെന്നും മറീന പറഞ്ഞു. സാധാരണയായി നൂറുകണക്കിന് യാത്രക്കാരുമായി പറക്കുന്ന വിമാനം ഒരു യാത്രക്കാരിക്ക് മാത്രമായി സർവ്വീസ് നടത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
“നിങ്ങൾ ശരിക്കും ഭാഗ്യവതിയാണ്, ഒരു കൊമേഴ്‌സ്യൽ വിമാനത്തെ പ്രൈവറ്റ് ജെറ്റാക്കി മാറ്റിയല്ലോ” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. വിമാനത്തിൽ ആകെ ഒരാൾ മാത്രമായതിനാൽ ഏത് സീറ്റും തിരഞ്ഞെടുക്കാമെന്നും ബാത്ത്റൂമിൽ ക്യൂ നിൽക്കേണ്ടി വരില്ലെന്നും മറ്റ് ചിലർ തമാശയായി കുറിച്ചു. യുദ്ധസാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞതാകാം ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. എങ്കിലും മടക്കയാത്രയിൽ വിമാനം നിറയെ യാത്രക്കാർ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാകാം വിമാനക്കമ്പനി സർവ്വീസ് റദ്ദാക്കാതിരുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ദുബായിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാൻ പോവുകയായിരുന്നു മറീന. യുദ്ധം കാരണം പല രാജ്യങ്ങളും വിമാന സർവ്വീസുകളിൽ മാറ്റം വരുത്തുമ്പോഴും മറീനയുടെ ഈ ‘വിഐപി യാത്ര’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
View this post on Instagram

