ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഇറാൻ വനിതാ സൈനികർ യുദ്ധക്കളത്തിൽ ഇറങ്ങിയെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ തെളിഞ്ഞു (Fact Check Iranian Women Soldiers Viral Video). സൈനിക വേഷം ധരിച്ച സ്ത്രീകൾ “ഹബീബി, ഇറാനിലേക്ക് വരൂ” എന്ന് പറയുന്ന ദൃശ്യങ്ങൾ ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ ഈ വീഡിയോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ബിബിസി നടത്തിയ പരിശോധനയിൽ വ്യക്തമായി.
ഇറാനിലെ നിയമമനുസരിച്ച് സ്ത്രീകൾക്ക് സൈന്യത്തിൽ പോരാട്ട റോളുകൾ വഹിക്കാൻ അനുമതിയില്ല എന്നതിനാൽ തന്നെ ഈ ദൃശ്യങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അവിടെ നിർബന്ധിത സൈനിക സേവനം പുരുഷന്മാർക്ക് മാത്രമാണ് ബാധകം. കൂടാതെ, വീഡിയോയിലുള്ള പല സ്ത്രീകളും ഹിജാബ് ധരിക്കാതെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ 1979-ലെ വിപ്ലവത്തിന് ശേഷം ഇറാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുക എന്നത് കർശനമായ നിയമമാണ്.
ദൃശ്യങ്ങളിലെ പശ്ചാത്തലവും ശബ്ദവും കൃത്രിമമായി നിർമ്മിച്ചതാണെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. ടെൽ അവീവിൽ മിസൈലുകൾ പതിക്കുന്നതായി പ്രചരിച്ച വീഡിയോകളും ഇത്തരത്തിൽ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിദേശ രാജ്യങ്ങളിലെ ആളുകളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും ഇംഗ്ലീഷിലുള്ള ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയ 52-ഓളം അക്കൗണ്ടുകൾ ടിക് ടോക് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം തരംഗങ്ങൾ ഉപയോഗിച്ച് കാഴ്ചക്കാരെ കൂട്ടി പണമുണ്ടാക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വിലയിരുത്തൽ.
View this post on Instagram

