മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾ കടന്നുപോകുന്ന കാര്യത്തിൽ ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ആദ്യ കപ്പൽ മുംബൈ തീരത്തെത്തി. രണ്ടാമത്തെ കപ്പൽ ഉടൻ തീരമണയുമെന്നാണ് വിവരം.(Report says first cargo ship has arrived in Mumbai, Have India and Iran reached an agreement?)
നിലവിൽ 28 ഇന്ത്യൻ എണ്ണക്കപ്പലുകൾ കടലിടുക്കിന് സമീപം നങ്കൂരമിട്ടിട്ടുണ്ട്. ഇവയുടെ സുരക്ഷിതമായ യാത്ര ഉറപ്പായാൽ രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് വലിയ പരിഹാരമാകും. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന എൽപിജി പ്രതിസന്ധി കണക്കിലെടുത്ത് വിതരണ ശൃംഖലയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
എൽപിജി വിതരണത്തിൽ സുരക്ഷ ഉറപ്പാക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം സിലിണ്ടർ എത്തുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ താമസം നേരിടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടത് ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചു.

