വത്തിക്കാൻ സിറ്റി: തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി എൽ റാഹിയെ ‘യഥാർത്ഥ ഇടയൻ’ എന്ന് വിശേഷിപ്പിച്ചു ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ് വൈദികന്റെ ധീരതയെയും ത്യാഗത്തെയും മാർപ്പാപ്പ അനുസ്മരിച്ചത്.(Pope Leo XIV mourns the late Lebanese priest, Fr. Pierre El-Rahi)
തന്റെ ജനതയെ അപകടഘട്ടത്തിൽ കൈവിടാതെ അവർക്കൊപ്പം ഉറച്ചുനിന്ന ഫാദർ പിയറിയുടെ മരണം കത്തോലിക്കാ സഭയ്ക്കും ലെബനോൻ ജനതയ്ക്കും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 9-ന് മർജായോൻ ജില്ലയിലെ അൽ ക്ലായ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിലാണ് ഇസ്രായേൽ സൈന്യം ഷെൽ ആക്രമണം നടത്തിയത്.
ആദ്യ ആക്രമണത്തിൽ പരിക്കേറ്റ ഇടവകാംഗങ്ങളെ സഹായിക്കാൻ ഓടിയെത്തിയതായിരുന്നു ഫാദർ പിയറി. ഈ സമയത്തുണ്ടായ രണ്ടാമത്തെ ആക്രമണത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലെബനനിലെയും ഇറാനിലെയും പശ്ചിമേഷ്യയിലെയും എല്ലാ ജനങ്ങളോടും താൻ മനസ്സാ അടുത്തിരിക്കുന്നുവെന്ന് മാർപ്പാപ്പ വ്യക്തമാക്കി. മേഖലയിലെ അക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. നിരപരാധികളായ കുട്ടികളും സാധാരണക്കാരും യുദ്ധത്തിന് ഇരകളാകുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.

