പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ആവേശകരമായ വിജയം (Kerala Under-23 Women’s Cricket). ഒരു ഘട്ടത്തിൽ തോൽവി മുഖാമുഖം കണ്ട കേരളം പത്താം വിക്കറ്റിലെ പോരാട്ടവീര്യത്തിലൂടെയാണ് അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടത്. നിത്യ ലൂർദ്ദിന്റെ ഉജ്ജ്വല അർദ്ധസെഞ്ച്വറിയും നിയ നസ്നീന്റെ പോരാട്ടവുമാണ് കേരളത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചത്.
സ്കോർ ചുരുക്കത്തിൽ:
ഒഡീഷ: 50 ഓവറിൽ 256/10
കേരളം: 49.1 ഓവറിൽ 260/8
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഒഡീഷയ്ക്ക് ഓപ്പണർ തൻവി രഞ്ജനയുടെ സെഞ്ച്വറി കരുത്തായി (101 റൺസ്). 78 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ തൻവിയും സുചിസ്മിത പാണ്ഡെയും (32) ചേർന്ന പടുത്തുയർത്തിയ 99 റൺസിന്റെ കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലെത്തിച്ചു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറും നിയ നസ്നീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
257 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും നജ്ല സി.എം.സിയും ചേർന്ന് 60 റൺസിന്റെ ഭേദപ്പെട്ട തുടക്കം നൽകി. വൈഷ്ണ എം.പി (30) കൂടി പുറത്തായതോടെ കേരളം വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായി. എന്നാൽ ഏഴാമതായി ഇറങ്ങിയ നിത്യ ലൂർദ്ദ് മനസ്വിയെ (35) കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി.
മനസ്വി പുറത്തായതോടെ വീണ്ടും പ്രതിസന്ധിയിലായ കേരളത്തെ പത്താമതായി ക്രീസിലെത്തിയ നിയ നസ്നീനെ കൂട്ടുപിടിച്ച് നിത്യ വിജയതീരത്തെത്തിച്ചു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 43 റൺസാണ് കളി കേരളത്തിന് അനുകൂലമാക്കിയത്. നിത്യ 73 റൺസുമായും നിയ 23 റൺസുമായും പുറത്താകാതെ നിന്നു.
Story Summary:
Kerala secured a thrilling victory over Odisha in the Under-23 Women’s One Day Tournament held in Pune. Chasing a target of 257, Kerala reached the mark with 5 balls to spare, thanks to an unbeaten 73 from Nithya Lourdes and a crucial 10th-wicket partnership with Niya Nasneen. Earlier, Tanvi Ranjana scored a century for Odisha.

