ഡാലസ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കനത്ത യുദ്ധസാഹചര്യങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പ് നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്മോ ഷിർഗി (FIFA World Cup 2026). ലോകകപ്പ് എന്നത് മാറ്റിവെക്കാൻ കഴിയാത്തത്ര വലിയൊരു ടൂർണമെന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാലസിലെ ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റ് സെന്ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് ഫിഫയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം അറിയിച്ചത്.
അമേരിക്കയും ഇസ്രായേലും ഇറാനുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഷിർഗി മറുപടി നൽകിയത്. നിലവിൽ യോഗ്യത നേടിയ എല്ലാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നതെന്നും മിഡിൽ ഈസ്റ്റിലെ സാഹചര്യം അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് ഫിഫ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഫുട്ബോൾ ഫെഡറേഷനുമായി ഫിഫ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
യോഗ്യത നേടിയ ഇറാൻ ഗ്രൂപ്പ് ജി-യിൽ ബെൽജിയം, ന്യൂസിലാൻഡ്, ഈജിപ്ത് എന്നിവർക്കൊപ്പമാണ് മത്സരിക്കേണ്ടത്. ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവിടങ്ങളിലായാണ് ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് സമയത്ത് ഏകദേശം 3,500 ഓളം മാധ്യമപ്രവർത്തകർ ഡാലസിലെ ബ്രോഡ്കാസ്റ്റ് സെന്ററിൽ എത്തുമെന്നും ഫിഫ അറിയിച്ചു.
Summary
FIFA COO Heimo Schirgi has confirmed that the 2026 World Cup will proceed as scheduled despite the ongoing conflict in the Middle East. Speaking in Dallas, Schirgi emphasized that the tournament is “too big” to be postponed and expressed hope that all qualified nations, including Iran, would be able to participate.

