പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.(2 people, including a DYFI member arrested with hybrid cannabis in Pathanamthitta)
പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വാഹനം കുറുകെ നിർത്തിയാണ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.
പോലീസ് കസ്റ്റഡിയിലുള്ള സഞ്ജു മനോജിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വിളിയെത്തിയത് കേസിൽ നിർണ്ണായകമായി. ഇന്ന് നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തിന് എത്താതിരുന്നതിനെത്തുടർന്നാണ് നേതാക്കൾ ഇയാളെ വിളിച്ചത്.
പ്രതിനിധിയെ തിരക്കി വിളിച്ച നേതാക്കളോട് ഇയാൾ കഞ്ചാവുമായി കസ്റ്റഡിയിലാണെന്ന വിവരം ഫോണെടുത്ത സർക്കിൾ ഇൻസ്പെക്ടർ നേരിട്ട് അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സഞ്ജു മനോജിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.



