ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽനിന്ന് ‘കെപി-2’, ‘കെപി-3’ എന്നീ രണ്ട് ചീറ്റകൾ അതിർത്തി കടന്ന് രാജസ്ഥാനിലെ ബാരൻ ജില്ലയിലെത്തി. നിലവിൽ കെപി-2 മംഗ്രോൾ റേഞ്ചിലും, കെപി-3 ഏകദേശം 70 കിലോമീറ്റർ സഞ്ചരിച്ച് ബാഞ്ച് ആംലി കൺസർവേഷൻ റിസർവിലുമാണുള്ളത്.(Cheetahs cross border into Rajasthan, Authorities say no need to worry)
പാർവതി നദിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരിക്കുന്ന ചീറ്റകളെ ജിപിഎസ്, റേഡിയോ കോളർ എന്നിവയുടെ സഹായത്തോടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നിരീക്ഷിക്കുന്നുണ്ട്. ചീറ്റകളുടെ ഈ ദീർഘദൂര സഞ്ചാരം അവയുടെ സ്വാഭാവികമായ സ്വഭാവമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി വ്യക്തമാക്കി.
ചീറ്റകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനായി മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിവിധ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു വന്യജീവി ഇടനാഴി വികസിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. മധ്യപ്രദേശിലെ എട്ട് ജില്ലകളും രാജസ്ഥാനിലെ ഏഴ് ജില്ലകളും ഉൾപ്പെടെ ഏകദേശം 17,000 ചതുരശ്ര കിലോമീറ്റർ. മൃഗങ്ങളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുക, ജനിതക വൈവിധ്യം നിലനിർത്തുക എന്നതാണ് ലക്ഷ്യം.
1952-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെ കൊണ്ടുവരാൻ 2022 സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന എന്നിവിടങ്ങളിൽനിന്നുള്ള ആഫ്രിക്കൻ ചീറ്റകളെയാണ് കുനോയിൽ എത്തിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയിലുണ്ടായിരുന്ന ഏഷ്യൻ ചീറ്റകൾ നിലവിൽ ഇറാനിൽ മാത്രമാണ് അവശേഷിക്കുന്നത്.

