അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (Mitchell Santner Post Match Reaction). ഫൈനലിൽ ഇന്ത്യ തങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കിയെന്നും മികച്ചൊരു ടീമിനോടാണ് തങ്ങൾ പരാജയപ്പെട്ടതെന്നും സാന്റ്നർ പറഞ്ഞു. അഹമ്മദാബാദിലെ നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് മുന്നിൽ 96 റൺസിന്റെ പടുകൂറ്റൻ ജയത്തോടെയാണ് ഇന്ത്യ ലോകകിരീടം നിലനിർത്തിയത്.
സ്വന്തം നാട്ടിൽ ഒരു ലോകകപ്പ് കളിക്കുക എന്നത് വലിയ സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ സൂര്യകുമാർ യാദവും സംഘവും ആ സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുത്തെന്നും സാന്റ്നർ ചൂണ്ടിക്കാട്ടി. ടൂർണമെന്റിലുടനീളം മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചാണ് തങ്ങൾ ഫൈനലിൽ എത്തിയതെന്നും എന്നാൽ ഫൈനലിൽ ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗിനും ബൗളിംഗിനും മുന്നിൽ മറുപടിയില്ലായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസൺ (89), അഭിഷേക് ശർമ്മ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ 255 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ടിം സീഫെർട്ടിന്റെ (52) പോരാട്ടത്തിന് ഇടയിലും 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബൗളിംഗിൽ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്സർ പട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായും കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമായും ഇന്ത്യ മാറി.

