ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ തിരഞ്ഞെടുത്തു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം. (Iran-US war intensifies, UAE President holds talks with Trump)
പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന മുജ്‌തബ, പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അലി ഖമേനിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന അദ്ദേഹം ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഐ ആർ ജി സിയുമായുള്ള അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിൽ അദ്ദേഹത്തെ ഈ പദവിയിലെത്തിക്കാൻ സഹായിച്ചത്.
മേഖലയിലെ ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. യുഎഇയെയും മറ്റ് അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി.
അതേസമയം, ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന കർക്കശ നിലപാടിലാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാൾ നേതൃസ്ഥാനത്ത് വരണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ, “ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ വേണ്ട” എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.

