കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഡ്രോൺ ആക്രമണങ്ങളിൽ തളരാതെ കുവൈത്ത്. ശനിയാഴ്ച പുലർച്ചെ കുവൈത്ത് വ്യോമപരിധിയിൽ പ്രവേശിച്ച ഏഴ് ഡ്രോണുകളെ സൈന്യം വിജയകരമായി തടഞ്ഞു. അതേസമയം, ദുബായിൽ വ്യോമാക്രമണ പ്രതിരോധ നടപടികൾക്കിടെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പ്രവാസി ഡ്രൈവർ കൊല്ലപ്പെട്ടു.(Kuwait uncompromising in defense, 7 drones shot down)
രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലൂടെയാണ് ഡ്രോണുകൾ എത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം നടത്തിയ പ്രവർത്തനങ്ങളാണ് നഗരത്തിൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾക്ക് കാരണമെന്ന് സൈന്യം വിശദീകരിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ വീണ് ചിലയിടങ്ങളിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആർക്കും പരിക്കില്ല. സായുധസേന പൂർണ്ണ സജ്ജമാണെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു.

