വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ക്യൂബയ്ക്കെതിരെയും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ അവസാന ഘട്ടത്തിലാണെന്നും വെനസ്വേലയിലേതിന് സമാനമായ വലിയ മാറ്റങ്ങൾ ക്യൂബയിലും സംഭവിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.(Cuba is after Iran, Trump warns at meeting)
ഫ്ലോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഷീൽഡ് ഓഫ് ദി അമേരിക്കാസ്’ യോഗത്തിലാണ് ട്രംപിന്റെ പരാമർശം. ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഭരണകൂടം ഒരു കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. നിലവിൽ ഇറാന്റെ കാര്യത്തിലാണ് ശ്രദ്ധയെന്നും അത് കഴിഞ്ഞാൽ ക്യൂബൻ പ്രശ്നം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സ്കൂളിന് നേരെ നടന്ന ബോംബാക്രമണം ഇറാൻ തന്നെ നടത്തിയതാവാമെന്നാണ് ട്രംപിന്റെ ആരോപണം. താൻ കണ്ട ദൃശ്യങ്ങൾ അതാണ് സൂചിപ്പിക്കുന്നതെന്നും ഇറാന്റെ വ്യോമാക്രമണങ്ങൾക്ക് യാതൊരു കൃത്യതയുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാന് നേരെ സൈനിക നടപടി ഇനിയും കടുപ്പിക്കും. കൂടുതൽ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവർത്തിച്ചു.

